Thursday, November 29, 2012

ഒരു പൂക്കോട്ടൂര്‍ പിച്ചാത്തി




ജോലി ഭാരം   സമയ പരിമിതിയിട്ടപ്പോള്‍ 
പള്ളിപ്പടിയെന്ന എന്റെ കൊച്ചു ഗ്രാമത്തിന്റെ 
വിശേഷപ്പെട്ട പകലുകള്‍ നഷ്ടപ്പെട്ട ഈയുള്ളവന്
അസുലഭമായി കിട്ടിയ ഒരു സായന്തനം.
പള്ളിപ്പടിക്ക് വിലപ്പെട്ട ഈ പേര് സമ്മാനിച്ച പള്ളിപ്പടിയുടെ 
ആത്മാവും അഭിമാനവും അഭയവുമായ പള്ളി.
പതിവില്ലാതെ തോന്നിയ ഒരുള്‍വിളി,
നിര്‍വ്ര്തിയോടെ നമസ്കാരം,
പ്രാര്‍ത്ഥന കഴിഞ്ഞു തിരിഞ്ഞതേയുള്ളൂ 
ഒരു വിളി..... 
"പണി പാളി"
ഒരു തബ്ലീഗുകാരന്‍.
ചിരപരിചിതമെങ്കിലും ശിലാ യുഗത്തിലെപ്പോലുള്ള മുഖ രാശി.
കണ്ണുകളില്‍ ഇര കിട്ടാതെ ഏറെ നേരം അലഞ്ഞ വേട്ട മ്ര്‍ഗത്തിന്റെ വിശപ്പ്.
ഇന്നത്തെ ദിവസം പോയി.
ജപിച്ച ദിക്റുകള്‍ തൊണ്ടയില്‍ കുരുങ്ങി.
മുഖത്ത് ഒരു വളിഞ്ഞ ചിരിയും ഒട്ടിച്ചു വെച്ച് ഇന്നത്തെ കണിയെ കുറിച്ചാലോചിച്ചു.
നീട്ടിയ കൈക്ക് മറു കൈ കൊടുക്കുമ്പോള്‍ 
തട്ടിന്‍ പുറത്ത് വച്ച കെണിയില്‍ കുടുങ്ങിയ എലിയെ സ്മരിച്ചു.
പതിവ് പോലെ വിശേഷങ്ങളിലൂടെ വിഷയങ്ങളിലേക്കുള്ള പുരോഗമനം.
"ഞാനിന്നു രാവിലെ ചായ കുടിച്ചു 
കുടിച്ചു ഞാന്‍ രാവിലെ ചായ 
രാവിലെയല്ലോ  ഞാന്‍ ചായ കുടിപ്പൂ" 
ഈ ശൈലിയില്‍ ഒരേ വിഷയത്തെ തന്നെ 
വൈവിധ്യത്തോടെ, സമഗ്രതയോടെ, ഒട്ടും ആവര്‍ത്തന വിരസതയില്ലാതെ,
പരസ്പര ബന്ധത്തിന്റെ മുഖം മൂടികളില്ലാതെയുള്ള അവതരണം.
സമയ സൂചികയിലും കലണ്ടറിലും മാറി മാറി നോക്കി എന്റെ സമയക്കുറവും,
അട്ടത്തെ പല്ലിയിലും മയ്യത്ത് കട്ടിലിലെ മാറാലയിലും കണ്ണൂന്നി 
എന്റെ താല്പര്യക്കുറവും ഞാന്‍ പ്രകടിപ്പിച്ചു.
'രക്ഷയില്ലാ..........
ഉല്‍ബോധനം തുടരുക തന്നെയാണ്.
'ചെകുത്താനും കടലിനും നടുവില്‍, ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍, മോങ്ങാനിരുന്ന ...................'
തുടങ്ങിയ എല്ലാ പ്രയോഗങ്ങളും ചേരുന്ന അവസ്ഥയില്‍ ഒന്നൊന്നര  മണിക്കൂര്‍.

പെട്ടെന്നായിരുന്നു അത്.

മുജ്ജന്മ സുക്ര്തം ! .
അത്രയും നേരം ആ മാന്യന്‍ വിളംബരം ചെയ്തുകൊണ്ടിരുന്നതില്‍ വെച്ചേറ്റവും ഇമ്പമേറിയ വാക്കുകള്‍.
''ക്ഷമിക്കണം..........
എനിക്കല്പം തിരക്കുണ്ട്,
*ചെറിന്റെ മില്ലില്‍ പോകണം,
മല്ലിയും മുളകും മഞ്ഞളും   സമയത്തിനു പൊടിഞ്ഞു കിട്ടിയില്ലെങ്കില്‍ 
സഹധര്‍മ്മിണിക്ക് ദേഷ്യം അലട്ടുന്ന അസുഖമുണ്ട്.
മറ്റൊരവസരത്തില്‍ തുടരാം......... ക്ഷമിക്കണം''
ആ സഹധര്‍മ്മിണിക്ക് മനസ്സാലെ ഒരായിരം പൂചെണ്ടുകളര്‍പ്പിച്ചു ഞാന്‍ ക്ഷമിച്ചു.
ഒപ്പം കുരിശാരോഹന വേളയിലെ യേശുവിന്റെ പ്രാര്‍ഥനയും,
"ദൈവമേ..... ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് പൊറുക്കേണമേ..........
*ചെറിയേ,.......
നീയും നിന്റെ പൊടിമില്ലും പള്ളിപ്പടിയുടെ തെരുവോരങ്ങളില്‍ ഇനിയും ഒരു നൂറു കൊല്ലം പൊടി പറത്തട്ടെ . 

സ്വകാര്യം: 1 ഇവിടെ പരാമര്‍ശിക്കപ്പെട്ട 'ഈയുള്ളവന്‍' യഥാര്‍ഥത്തില്‍  ഈയുള്ളവനല്ല. എന്റെ നാട്ടുകാരനും കൂട്ടുകാരനും  അരീക്കോട് ഐ.ടി.ഐ ല്‍ ഇന്‍സ്ട്രക്ടരുമായ ഹക്കീം തനിക്കുണ്ടായ ഒരു അനുഭവം സരസമായി പറഞ്ഞത് ഞാനിവിടെ വിരസമായി  അവതരിപ്പിച്ചു എന്നുമാത്രം. ഇത് വായിച്ചു ആരും എന്നെ തല്ലരുത്. എഴുതാന്‍ ഒരു വിഷയവും ഇല്ലാതെ പട്ടിണിയില്‍ കഴിയുമ്പോഴാണ് ഹക്കീം ഒരു പുതുമയുള്ള കഥയുമായി മുന്നിലെത്തുന്നത്. ആര്‍ക്കും നഷ്ടമില്ലാത്ത കച്ചവടമല്ലേ......... കിടക്കട്ടെ  ബ്ലോഗ്ഗില്‍ എന്ന് ഞാനും.

ചെറി. ഞങ്ങളുടെ നാട്ടിലെ ഫ്ലോര്‍ മില്‍ നടത്തിപ്പുകാരന്‍. ഒറിജിനല്‍ പേര് മുഹമ്മദ്‌ ഇഖ്ബാല്‍.