Tuesday, September 25, 2012

ഒരു പെറ്റമ്മയുടെ വിലാപം


എന്തെ ഞാനിങ്ങനെയായി ?
ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.
കയ്യിലുള്ളതത്രയും വാരിക്കോരി കൊടുത്തു. 
എന്നിട്ടും  എന്റെ ജനനം പോലും പലരും അശുഭ ലക്ഷണമായി കരുതി.
ജന്മം കൊടുത്ത  മൂന്നു  മക്കള്‍......
അമ്മിഞ്ഞപ്പാലിന്റെ  മണം മാറും  മുമ്പേ 
രണ്ടു പേരെയും കവര്‍ന്നു കൊണ്ട് പോയി എന്റെ അയല്‍ക്കാരന്‍.
എന്റെ നിലവിളിയും വിലാപവും   ആരും കേട്ടില്ല. 
എന്റെ രണ്ടു മക്കളെ കൊണ്ട് അയല്‍ക്കാരന്‍ പ്രശസ്തനായപ്പോള്‍ 
മൂന്നാമനെ കൊണ്ട് ഞാനും (കു)പ്രസിദ്ധയായി..
എനിക്കറിയില്ല, സത്യത്തില്‍  അവനെന്റെ മോനായിരുന്നോ ? 
പലരും എന്നെ  അങ്ങനെ  പറഞ്ഞു വിശ്വസിപ്പിച്ചു.
അവന്‍ നാടുമുഴുവന്‍ അശാന്തി പരത്തി. 
കൊടി സുനി-കിര്‍മാനി മനോജ്മാര്‍ക്ക് അവന്‍ പ്രിയപ്പെട്ടവനായി.
ആര്‍ക്കും വേണ്ടാത്തവളായി, വെറുക്കപ്പെട്ടവളായി  
അവഗണയും കുത്തുവാക്കുകളും പേറി ഞാനിന്നും ജീവിക്കുന്നു.
 ലോകത്ത് ഒരമ്മക്കും ഈ ഗതി വരരുതേ  എന്ന  പ്രാര്‍ഥനയോടെ........
 (*ഞാന്‍= മലപ്പുറം)
(*അയല്‍ക്കാരന്‍= കോഴിക്കോട്)
(*മക്കള്‍= 1   കോഴിക്കോട് സര്‍വ്വകലാശാല. തേഞ്ഞിപ്പലം,മലപ്പുറം.  2  കാലികറ്റ് എയര്‍പോര്‍ട്ട്, കൊണ്ടോട്ടി , മലപ്പുറം.  3  മലപ്പുറം കത്തി.)

Sunday, September 16, 2012

മൌനത്തിന്റെ വില =Rs 5/-

                                                                   എന്റെ മൌനത്തിന് ഒരുപാട് അര്‍ത്ഥമുണ്ടെന്നോ,  ആയിരം വാക്കുകളേക്കാള്‍ വിലയുണ്ടെന്നോ മറ്റോ പറയാന്‍ വേണ്ടി  നമ്മുടെ മന്മോഹന്ജി മൌനം വെടിഞ്ഞപ്പോള്‍ അതിനു ഇത്രേം വിലയുണ്ടാവുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.  വര്‍ദ്ധിപ്പിച്ച പെട്രോള്‍ വിലയുടെയും ഹര്‍ത്താലിന്റെയും മണം മായും മുമ്പേ കിട്ടി ഡീസല്‍ വില വര്‍ദ്ധനവിന്റെയും പാചക വാതകത്തിന്റെയും രൂപത്തില്‍  പുതിയ ഉപഹാരം.   അകമ്പടിയായി ഹര്‍ത്താലും.  ഒരു  സുഹുര്‍ത്തു ഫെയ്സ്ബുക്കിലൂടെ പോസ്റ്റു ചെയ്ത  പോലെ ആരെങ്കിലും കരുതിയിരുന്നോ ഇന്ത്യന്‍ കറന്‍സിയില്‍ ഒപ്പ് വെച്ചിരുന്ന ഈ തലയില്‍ കെട്ടുകാരന്‍  സാധാരണക്കാരനെ 'കുളിപ്പിച്ച് കിടത്താന്‍' പ്രധാന മന്ത്രിയായി  വരുമെന്ന് ! ഏതു നരകത്തിലെക്കാന് ഇയാള്‍ ഈ നാടിനെയും ഈ ജനതയെയും നയിക്കുന്നത്? 
                                                                    ഈ പോക്ക്  പോയാല്‍ കേരളത്തിലെ  അവസാനത്തെ കോണ്ഗ്രസ്സ് മുഖ്യ മന്ത്രി  ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്നു  വിവരക്കേട് കൊണ്ടോ എന്തോ, സ്വന്തം  നേതാവിനെ കുറിച്ച്  ഇമ്മിണി വലിയൊരു നേതാവ് പ്രസ്താവനയിറക്കിയ പോലെ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍  ആ നേതാവിനെ കണ്ടില്ലെങ്കിലും സാമാന്യ ബോധമുള്ള ജനത്തിനു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഭാരത മഹാ രാജ്യത്തിന്റെ അവസാന കോണ്ഗ്രസ്സ് പ്രധാന മന്ത്രിയോ മന്‍മോഹന്‍ സിംഗ് എന്ന്! 
                                                                     പാശ്ചാത്യ ദാസ്യപ്പണി കഴിഞ്ഞു സമയം കിട്ടുമ്പോള്‍,  സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ആഫ്രിക്കയിലെയും  ഏഷ്യയിലെയും  പട്ടിണി രാജ്യങ്ങളില്‍ ഒരു മിന്നല്‍ സന്ദര്‍ശനമെങ്കിലും നടത്താന്‍ നമ്മുടെ പ്രധാന മന്ത്രിക്ക്‌ ആഹ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.   അവരോടു കനിവ് തോന്നി അവര്‍ക്ക് സഹായം പ്രഖ്യാപിക്കാനല്ല,    അവിടങ്ങളിലെ പെട്രോളിയം മന്ത്രാലയങ്ങലുമായി ചര്‍ച്ച നടത്തട്ടെ എങ്ങനെ പെട്രോള്‍-ഡീസല്‍  വില വര്‍ദ്ധിപ്പിക്കാതെ ഭരണം നടത്താമെന്ന് കണ്ടു പഠിക്കട്ടെ! കറന്‍സി മൂല്യത്തില്‍ ഇന്ത്യയേക്കാള്‍ ബഹു ദൂരം പിറകിലുള്ള പല രാജ്യങ്ങളിലും ഇന്ധന വില ഇന്ത്യയിലെക്കാള്‍ എത്രയോ കുറവാണ്. 
                                                       പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് പതിച്ചു നല്‍കിയ നിമിഷത്തെ ശപിക്കുന്നതോടൊപ്പം ഇതിനു കാരണക്കാരായവരെ പടിക്ക് പുറത്തു നിര്‍ത്തുമെന്ന ശപഥം കൂടി വോട്ടു ചെയ്ത പാവം ജനം പ്രാവര്‍ത്തികമാക്കിയാല്‍ പിന്നെ ഒരു തിരിച്ചു വരവ് കൊണ്ഗ്രസ്സിനെ സംബധിച്ചിടത്തോളം അത്ര എളുപ്പമാവില്ല.